ഇന്നലെ വൈകിട്ടായിരുന്നു ഇന്ത്യൻ ഓൾ റൗണ്ടർ കൃണാൽ പാണ്ട്യ കോവിഡ് പരിശോധനയിൽ പോസിറ്റീവായെന്ന വാർത്ത പുറത്ത് വന്നത്. പിന്നാലെ ഇന്നലെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കാനിരുന്ന രണ്ടാം ടി20 മത്സരം ഒരു ദിവസത്തേക്ക് നീട്ടി വെക്കാൻ അധികൃതർ തീരുമാനിക്കുകയും ചെയ്തു.
ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായി നടത്തിയ ആന്റിജൻ പരിശോധനയിൽ കൃണാൽ കോവിഡ് പോസിറ്റീവായതിന് പിന്നാലെ ഇരു ടീമുകളിലേയും താരങ്ങളേയും, സ്റ്റാഫുകളേയും ആർ ടി പി സി ആർ പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിൽ കൃണാൽ പാണ്ട്യയുമായി അടുത്ത സമ്പർക്കം പുലർത്തിയ 8 ഇന്ത്യൻ താരങ്ങളുടെ ഫലമറിയാനായിരുന്നു ക്രിക്കറ്റ് ലോകം ഏറെ നെഞ്ചിടിപ്പോടെ കാത്തിരുന്നത്. എന്നാൽ കുറച്ച് മുൻപ് ഈ പരിശോധനകളുടെ ഫലം വരുകയും എല്ലാവരും കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമാവുകയുമായിരുന്നു. ഇതോടെ മാറ്റി വെച്ച രണ്ടാം ടി20 ഇന്ന് വൈകിട്ട് നടക്കുമെന്ന കാര്യം ഉറപ്പായി.
അതേ സമയം കോവിഡ് സ്ഥിരീകരിച്ച കൃണാൽ പാണ്ട്യക്ക് 7 ദിവസം സെൽഫ് ഐസൊലേഷനിലിരിക്കേണ്ടി വരും. ഇത് കൊണ്ടു ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമാകും. ശ്രീലങ്കൻ പര്യടനത്തിന് ശേഷം ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങൾ ജൂലൈ 30 ന് നാട്ടിലേക്ക് മടങ്ങുമെങ്കിലും, കൃണാലിന് അടുത്ത മാസം മൂന്നാം തീയതി വരെ അവിടെ തങ്ങേണ്ടിയും വരും.</p>

0 Comments