Advertisement

Responsive Advertisement

വാക്സിനേഷന്‍ കൂടി; രോഗികള്‍ കുറഞ്ഞു, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൻ ഇളവുകള്‍


 2021 ജൂലൈ 15, 1196 മിഥുനം 29, 1442 ദുൽഹജ്ജ് 04 വ്യാഴാഴ്ച്ച

ന്യൂഡൽഹി∙ കേരളത്തില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ തുടരവെ നിയന്ത്രണങ്ങളില്‍ ഇളവു നൽകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രോഗികളുടെ എണ്ണം കുറയുകയും വാക്സിനേഷന്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവ് നല്‍കിയത്. എങ്കിലും ഇളവുകൾക്ക് ഏകീകൃത രൂപമില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.

കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം നൂറിന് താഴെയെത്തിയ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിലവില്‍ നിയന്ത്രണങ്ങളില്ല. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും വാക്സീന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിരുന്നത് മൂന്നു സംസ്ഥാനങ്ങളും പിന്‍വലിച്ചു.


രോഗവ്യാപനം കേരളത്തെ അപേക്ഷിച്ച് നിയന്ത്രണ വിധേയമാണെങ്കിലും പഞ്ചാബ്, ചണ്ഡിഗഢ്‌, ഗോവ സംസ്ഥാനങ്ങളിൽ വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഇളവ്. ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചതിന്റെ രേഖ കാണിച്ചാല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാം. നേരത്തെ പഞ്ചാബില്‍ 72 മണിക്കൂറിനകവും ഗോവയില്‍ 48 മണിക്കൂറിനകവും എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു.

ഒഡിഷ, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ രണ്ടു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കാണ് ഇളവ്. അല്ലെങ്കില്‍ 72 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മഹാരാഷ്ട്രയിൽ 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാണ്. വാക്സീന്‍ സ്വീകരിച്ചവരെ ഇതില്‍നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.‌

എല്ലാ സംസ്ഥാനങ്ങളിലെയും ഇളവുകള്‍ക്ക് ഏകീകൃത സ്വഭാവമില്ലാത്തതിനാല്‍ വിനോദ സഞ്ചാരത്തിനും വ്യാപാര സംബന്ധമായ യാത്രകള്‍ക്കും ഇപ്പോഴും ബുദ്ധിമുട്ടാണ്. കൂടുതൽ ഇളവുകള്‍ നൽകുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം ആള്‍ക്കൂട്ടത്തിനിടയാകുമെന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ അടക്കം ഇതിനകം ഉയര്‍ത്തിയിട്ടുണ്ട്

Post a Comment

0 Comments