കോഴിക്കോട് : തമിഴ്‌നാട് ലോബിയാണ് വിപണിയിൽ ഇടപെട്ട് കോഴിവില വർധിപ്പിക്കുന്നതെന്ന് വ്യാപാരികൾ. ഫാമുകളിൽ വില കൂടുന്നതുകൊണ്ടാണ് ഇത്രയും കൂടിയവിലയ്ക്ക് കോഴിയിറച്ചി വിൽക്കേണ്ടിവരുന്നതെന്ന് കേരളസംസ്ഥാന ചിക്കൻ വ്യാപാരി സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഫാമിൽനിന്ന് കടയിലെത്തുമ്പോൾ ഒരുകിലോ കോഴിക്ക് 142 രൂപയാവും. അത് ഇറച്ചിയാക്കുമ്പോൾ 230 രൂപ വരും. അതുകൊണ്ടാണ് 240 രൂപയ്ക്ക് വിൽക്കേണ്ടിവരുന്നതെന്നും വ്യപാരികൾ പറഞ്ഞു. വിലകൂടുന്നതിന് വ്യാപാരികൾ ഉത്തരവാദികളല്ലാതിരുന്നിട്ടും പരിശോധനയുടെ പേരിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുകയാണ്. ഉദ്യോഗസ്ഥർ നിർദേശിക്കുന്ന വിലയ്ക്ക് കോഴിയിറച്ചി നൽകണമെന്നാണ് പറയുന്നത്.
വില അനിയന്ത്രിതമായി കൂടുന്നതിനാൽ ബലിപെരുന്നാൾ കഴിഞ്ഞാൽ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സംസ്ഥാന വ്യാപാരി വ്യവസായിസമിതി ജില്ലാപ്രസിഡന്റ് എം.പി. അബ്ദുൽ ഗഫൂർ പറഞ്ഞു. പത്രസമ്മേളനത്തിൽ ചിക്കൻ വ്യാപാരിസമിതി ജില്ലാപ്രസിഡന്റ് കെ.വി. റഷീദ്, സെക്രട്ടറി മുസ്തഫ കിണാശ്ശേരി, ഫിറോസ് പൊക്കുന്ന്, മുനീർ പാലശ്ശേരി എന്നിവർ പങ്കെടുത്തു.

0 Comments