Advertisement

Responsive Advertisement

ആസ്വദിച്ചു, മടുത്തു, ഇനി മടക്കം'; ലക്ഷ്യമില്ലാതെ ആനക്കൂട്ടം സഞ്ചരിച്ചത് 17 മാസം, 500 കി.മി

 



ഒരു കൊല്ലത്തിലേറെ നീണ്ട യാത്രക്കൊടുവില്‍ ചൈനയിലെ ആനക്കൂട്ടം സ്വന്തം 'സാമ്രാജ്യത്തിലേക്ക്‌' മടങ്ങുന്നു. വിവിധ വലിപ്പത്തിലും പ്രായത്തിലുമുള്ള ആനകളടങ്ങുന്ന സംഘം തങ്ങളുടെ പ്രകൃത്യാലുള്ള താവളമായ ഷിങ്ഹുവാന്‍ബന്ന ദായ് ഓട്ടോണമസ് പ്രിഫക്ചറിലേക്ക് മടങ്ങുന്നതായാണ് സൂചന. ഞായറാഴ്ച രാത്രി സംഘം യുന്നനിലെ യുവാന്‍ജിയാങ് നദി കടന്നു.

17 മാസങ്ങള്‍ക്ക് മുമ്പ് യാത്ര തുടങ്ങിയടുത്ത് തിരികെയെത്താന്‍ ഇനിയും 200 കിലോമീറ്ററോളം സംഘം സഞ്ചരിക്കണം. ഇതിന് മാസങ്ങള്‍ വേണ്ടി വന്നേക്കാമെങ്കിലും ആനക്കൂട്ടത്തിന്റെ 'വിനോദയാത്ര'യില്‍ ആശങ്കപ്പെട്ടിരുന്നവര്‍ക്കും കൗതുകം കൊണ്ടവര്‍ക്കും ഇനി ആശ്വസിക്കാം. 

സ്വന്തം താവളത്തില്‍ നിന്ന് ഇതിനോടകം 500 കിലോമീറ്ററിലധികം(300 മൈല്‍) യാത്ര ചെയ്ത ശേഷമാണ് ആനക്കൂട്ടത്തിന്റെ മടക്കം. ഈ ആനയാത്ര ലോകത്തെമ്പാടുമുള്ള ആനപ്രേമികളുടേയും മൃഗസ്‌നേഹികളുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. യാത്രക്കിടെ ഭക്ഷണവും ഉല്ലാസവും തേടി വയലുകളിലേക്കും മറ്റും തിരിഞ്ഞ സംഘം ഇക്കാലത്തിനിടെ 6.8 ദശലക്ഷം യുവാന്‍(ഏകദേശം 77 കോടി രൂപ) വിലമതിക്കുന്ന നാശനഷ്ടങ്ങളുണ്ടാക്കിയതായാണ് കണക്ക്. യാത്രക്കിടെ സംഘത്തില്‍ നിന്ന്‌ വേറിട്ട് ഒറ്റയ്ക്ക് അലഞ്ഞ കൊമ്പനെ പിന്നീട് തളച്ച് ഷിഹുവാന്‍ബന്നയിലേക്ക് തിരികെയെത്തിച്ചിരുന്നു. ഒരു മനുഷ്യന്റേയോ മൃഗത്തിന്റേയോ ജീവന്‍ ഈ സംഘത്തിന്റെ യാത്ര മൂലം നഷ്ടപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്.  

ആനകളുടെ യാത്രയ്ക്ക് 'സഹായ'മായി അധികൃതര്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ഇടവേളയില്ലാതെ സഞ്ചാരം നിരീക്ഷിക്കാന്‍ 410 ഉദ്യോഗസ്ഥരേയും 374 വാഹനങ്ങളും 14 ഡ്രോണുകളും ഏര്‍പ്പെടുത്തി. ആനകള്‍ക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. സംഘത്തിന്റെ സഞ്ചാരപാതയിലെ റോഡുകളിലെ ഗതാഗതം നിയന്ത്രിച്ചും വൈദ്യുതി വിച്ഛേദിച്ചും ആനകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി. പഴക്കുലകളുള്‍പ്പെടെ വഴിയില്‍ സൂക്ഷിച്ച് ആനകളുടെ സഞ്ചാരഗതി നിയന്ത്രിച്ചു. ആനകള്‍ കടന്നു പോകുന്ന വഴിയില്‍ വീടിന് പുറത്തിറങ്ങാതിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 




നവംബറില്‍ ആനക്കൂട്ടത്തില്‍ ഒരു കുട്ടി പിറന്നതും സംഘത്തിന്റെ യാത്ര 'പിന്തുടര്‍ന്നവര്‍'ക്ക് കൗതുകമായി. യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റ ആനക്കുട്ടിയെ സംഘം വഴിയിലുപേക്ഷിച്ചെങ്കിലും അതിനെ പിന്നീട് രക്ഷപ്പെടുത്തിയിരുന്നു. നാല്‍പത് പേരടങ്ങുന്ന ഫോറസ്ട്രി ഫയര്‍ഫൈറ്റേഴ്‌സിന്റെ സംഘത്തിനായിരുന്നു ആനക്കൂട്ടത്തിന്റെ യാത്രയുടെ നിരീക്ഷണചുമതല. കാടുകളിലും മേടുകളിലും ഇരുപത്തിനാല് മണിക്കൂറും ആനകളെ നിരീക്ഷിച്ചു. പ്രവേശനം പ്രയാസകരമായ ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ആനകളുടെ സുരക്ഷിതത്വം എല്ലാ സമയത്തും ഉറപ്പാക്കി. 

ആനകളുടെ 'ഇറങ്ങിപ്പോക്കി'ന്റെ കൃത്യമായ കാരണം വിദഗ്ധര്‍ക്ക് കണ്ടെത്താനായിട്ടില്ലെങ്കിലും അവയുടെ ഉറക്കവും, തീറ്റയും ഉല്ലാസവുമെല്ലാം ലോകത്തിന് കൗതുകക്കാഴ്ചകളായി. ആനക്കൂട്ടം വിശ്രമിക്കുന്നതിന്റെ ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. പല മാധ്യമങ്ങളും ആനസഞ്ചാരത്തിന്റെ ലൈവ് സ്ട്രീമിങ് നടത്തി. ലക്ഷ്യമില്ലാത്ത യാത്ര അവസാനിപ്പിച്ച് സംഘത്തെ മടക്കി അയക്കാനുള്ള ശ്രമം തുടങ്ങി. ഇഷ്ടഭക്ഷണം കാണിച്ച് പ്രലോഭിപ്പിച്ച് ആനകളെ 'വഴി തെറ്റിക്കാനുള്ള' ശ്രമമായി. എന്തായാലും ആനകള്‍ മടങ്ങുകയാണ്. 

ഏഷ്യന്‍ ആനകളുടെ എണ്ണം കുറവായതിനാല്‍ ചൈനയില്‍ അവയുടെ സംരക്ഷണം അതീവഗൗരവമായ വിഷയമാണ്. തണുത്ത കാലാവസ്ഥയിലുണ്ടാകുന്ന വിഷക്കൂണുകള്‍ ഉള്ളിലാക്കുന്നത് ആനകള്‍ക്ക് ദോഷകരമാകാമെന്നതിനാല്‍ കൂണുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

എന്തായാലും ആനക്കൂട്ടത്തെ ഭയപ്പെടുത്താതെ, അവയെ പ്രകോപിപ്പിക്കാതെ, കൈതചക്കയും പഴക്കുലയും കാട്ടി പ്രലോഭിപ്പിച്ച് താവളത്തിലേക്ക് തിരികെയെത്തിക്കാനുള്ള ചൈനീസ് അധികൃതരുടെ 'ഒളിപ്പോരിനെ' അഭിനന്ദിക്കാതിരിക്കാന്‍ ലോകത്തിനാവില്ല. തന്റെ അനിയന്ത്രിത കയ്യേറ്റങ്ങളാണ് മറ്റു ജീവികളെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളില്‍ അകറ്റുന്നതെന്ന കാര്യം മനുഷ്യന്‍ മറക്കാതിരിക്കുന്നതാണ് സ്വന്തം നിലനില്‍പ്പിനും നല്ലത്.


Post a Comment

0 Comments