Advertisement

Responsive Advertisement

കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല ജലീലിന് മുഈനലിയുടെ മറുപടി

 


മലപ്പുറം: മുസ്​ലിം ലീഗിലെ വിവാദങ്ങള്‍ക്കിടെ ഫേസ്​ബുക്ക്​ കുറിപ്പുമായി യൂത്ത്​ ലീഗ്​ ദേശീയ ഉപാധ്യക്ഷന്‍ മുഈനലി ശിഹാബ്​ തങ്ങള്‍. ആരോടും വ്യക്തി വിരോധമില്ലെന്നും പാര്‍ട്ടിയാണ്​ മുഖ്യമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും. എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല. പ്രഥമ പരിഗണന പിതാവിന്‍റെ ആരോഗ്യ പരിപാലനത്തിലാണ്​. ജയ് മുസ്ലിം ലീഗ് അദ്ദേഹം ഫേസ്​ബുക്കില്‍ കുറിച്ചു.

വാര്‍ത്താസമ്മേളനത്തിനിടെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ആരോപണങ്ങള്‍ ഉന്നയിച്ചത്​ ഏറെ വിവാദങ്ങള്‍ക്ക്​ വഴിവെച്ചിരുന്നു. ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈനലിയുടെ വിമര്‍ശനം.

എന്നാല്‍, മുഈനലിയെ മുസ്ലിം ലീഗ് തള്ളിയിരുന്നു. വിവാദ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത് തെറ്റാണെന്നും തങ്ങള്‍ കുടുംബത്തിന്‍റെ പാരമ്ബര്യം മുഈനലി ലംഘിച്ചതായും ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി​. ഹൈദരലി തങ്ങളുമായി ആലോചിച്ച ശേഷമാകും മുഈനലിക്കെതിരായ കൂടുതല്‍ നടപടിയെന്നും ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

മുഈനലിയുടെ വാര്‍ത്തസമ്മേളനത്തില്‍ അസഭ്യം പറഞ്ഞ പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെ ലീഗ് സസ്പെന്‍ഡ് ചെയ്തിരുന്നു.

മുഈനലിക്കെതിരെ ലീഗ് നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെ.ടി. ജലീല്‍ പറഞ്ഞിരുന്നു. ഇ.ഡി വിഷയത്തില്‍ പാണക്കാട്​ കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചതിന്‍റെ ശബ്​ദരേഖയുണ്ടെന്നും അറ്റകൈക്ക്​​ അത്​ പുറത്ത്​ വിടേണ്ടിവരുമെന്നുമെന്നുമായിരുന്നു ജലീലിന്‍റെ മുന്നറിയിപ്പ്.


Post a Comment

0 Comments